വായനയുടെ കുലപതിക്ക് ആദരപൂര്‍വ്വം

ഇന്ന് ജൂണ്‍ പത്തൊമ്പത്: മലയാളികള്‍ക്ക് ഇന്ന് വായനാ ദിനം. ജൂണ്‍ പത്തൊമ്പതു മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുകയാണ്. വായനയുടെ പ്രാധാന്യം ഇന്ന് നന്നായി മനസ്സിലാക്കിയിട്ടുള്ള സമൂഹമാണ് നമ്മുടേത്‌. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ പി. എന്‍. പണിക്കരുടെ ചരമദിനം ആണ് ജൂണ്‍ പത്തൊമ്പത്. വായനയേയും പുസ്തകങ്ങളേയും ഗ്രന്ഥശാലകളേയും ജീവിതത്തിന്റെ ഭാഗമാക്കിയ മഹാനായിരുന്നു പി. എന്‍. പണിക്കര്‍. നാടൊട്ടുക്കും വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുകയും അക്ഷരമറിയാത്ത സാധാരണ ജനങ്ങളെ അറിവിന്റെ ലോകത്തെക്ക് കൈ പിടിച്ചു ഉയര്‍ത്തുകയും അദ്ദേഹത്തിനു ജീവിത വ്രതമായിരുന്നു. അതിനു പണിക്കര്‍ സഹിച്ച യാതനകള്‍കള്‍ക്ക് കണക്കില്ല. ഒന്നുമില്ലായ്മ്മയില്‍ നിന്നായിരുന്നു അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം പണിതുയര്‍ത്തിയത്. അത് ഇന്നത്തെ മഹാ പ്രസ്ഥാനമായ കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ എന്നാ നിലയിലേക്ക് വളര്‍ന്നു പന്തലിച്ചിട്ടുണ്ട്. അതിനു അദ്ദേഹത്തിനു മലയാളികള്‍ നല്‍കുന്ന ആദരമാണ് ജൂണ്‍ പത്തൊമ്പതിന് വായനാദിനമായി ആചരിക്കുന്നത്തിലൂടെ ചെയ്യുന്നത്.

 

ചങ്ങനാശ്ശേരിയിലെ നീലംപേരൂരില്‍ പുതുവായില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിപ്പിള്ളയുടെയും മകനായി 1909 മാര്‍ച്ച് ഒന്നിന് പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍ ജനിച്ചു. ചങ്ങനാശ്ശേരി ഹൈസ്‌ക്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ഇ.എസ്.എല്‍.സി പാസ്സായ ശേഷം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിചു.

 

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ തല്‍പരരായ ഒരു കൂട്ടം യുവാക്കള്‍ നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയില്‍ വൈകുന്നേരങ്ങളില്‍ വിശ്രമിക്കാരുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനത്തില്‍ താല്പര്യം തുടങ്ങിയ പണിക്കര്‍ ഇവരുടെ ഇടയിലേക്കു ചെല്ലുകയും സൗഹൃദബന്ധം സ്ഥാപിക്കുകയും അവരിലൊരാളാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സ്വാധീനം അവരില്‍ വായനയില്‍ താല്പര്യം ഉണ്ടാക്കി.അന്ന് ലഭ്യമായിരുന്ന സമദര്‍ശിനി, മലയാളമനോരമ തുടങ്ങിയ പത്രങ്ങള്‍ അവിടെ പതിവായി വായിക്കാന്‍ തുടങ്ങി.ഇത് ആല്‍ത്തറയിലെത്തുന്നവരുടെ എണ്ണം കൂട്ടി. സ്വന്തമായൊരു വായനശാല എന്നത് പണിക്കരുടെ സ്വപ്നം ആയിരുന്നു. അതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരു പാടാളുകള്‍ തയ്യാറായി. അങ്ങനെ സകലമാന ജനങ്ങളുടെയും കൂട്ടായ്മയില്‍ 1926 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നീലംപേരൂരില്‍ സനാതന ധര്‍മ്മ വായനശാല സ്ഥാപിക്കപ്പെട്ടു.

 

അക്കാലത്ത് തിരുവതാംകൂറില്‍ നിരവധി വായനശാലകള്‍, ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുണ്ടായിരുന്നുവെങ്കിലും അവയ്ക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ല്‍ അദ്ദേഹം മുന്‍കൈ എടുത്തു അമ്പലപ്പുഴയില്‍ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാ സംഘം രൂപീകരണയോഗം വിളിച്ചു ചേര്ക്കുകയുണ്ടായി. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആണ്‍ ഉ യോഗത്തില്‍ പങ്കെടുത്തത്.യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യരായിരുന്നുവന്നത് കൊണ്ട് തിരുവിതാംകൂറില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല.ഈ ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977 ല്‍ കേരള ഗ്രന്ഥശാലാ സംഘം നിയമം വന്നതോടെയാണ് ലൈബ്രായി കൌണ്‍സില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. തന്റെ ആയുസ്സിന്റെ വലിയോരളവും വായനശാലാ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച പണിക്കര്‍ ദീര്‍ഘകാലം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു.

 

‘വായിച്ചു വളരുക’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് പി എന്‍ പണിക്കര്‍ . വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് അറിവാണ് ശക്തിയെന്നു ഉദ്‌ബോധിപ്പിച്ചുകൊനടും കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ അദ്ദേഹംപ്രചാരണം നടത്തി. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാ പ്രചാരണ ജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഗ്രാമാന്തരങ്ങളില്‍ വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുക അവിടങ്ങളിലെ നിരക്ഷരരായ ജനങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും മേഖലകളിലേയ്ക്ക് ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കര്‍മ പരിപാടി. സാക്ഷരകേരളം; സുന്ദരകേരളം എന്ന ആശയം ആദ്യമായവതരിപ്പിച്ചതും അദ്ദേഹമാണ്. കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാന്‍ഫെഡ്) സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തത് പി എന്‍ പണിക്കരാണ്. 1978 ജൂണില്‍ നിലവില്‍ വന്ന ആ സംഘടനയുടെ സെക്രട്ടറിയായി മരണം വരെ അദ്ദേഹം പ്രവര്‍ത്തിച്ചു

1995 ജൂണ്‍ 19 ന് ആണ് അദ്ദേഹം നമ്മെ വിട്ടു പിരിയുന്നത്. തുടര്‍ന്ന് പി.എന്‍. പണിക്കരോടുള്ള ആദരം എന്ന നിലയില്‍ ഈ ദിവസം വായനാദിനമായും തുടര്‍ന്ന് ഒരാഴ്ചക്കാലം വായനാവാരമായും വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടുപോരുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കേരള സ്റ്റേ ലൈബ്രായി കൌണ്‍സിലിനു പുറമേ വിദ്യാഭ്യാസ വകുപ്പ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയും വിവിധ പരിപാടികളോടെ പണിക്കാരെ അനുസ്മരിക്കുന്നുണ്ട്.

 

 

വായന ഇ വായനക്കും എഴുത്ത് ബ്ലോഗെഴുത്തിനും വഴിമാറുന്ന വിപുലപ്പെടുന്ന കാലത്ത് വായനയുടെ കുലപതിയെ ഞങ്ങള്‍ ആദരപൂര്‍വ്വം ഓര്‍ക്കുന്നു.

 

Share on Facebook

Related posts: